
കോഴിക്കോട്: നേരം പുലരുവോളം സജീവമായിരുന്ന കോഴിക്കോട് കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു. രാത്രി 10ന് ശേഷം കടകള്‍ തുറക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.
ബൈപ്പാസില്‍ സംഘര്‍ഷങ്ങള്‍ പതിവായതിനെത്തുടര്ന്നാണിത്. ഞായറാഴ്ച രാത്രി 11ന് ബൈപ്പാസില്‍ നാട്ടുകാരും യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണിവിടെ. റോഡിലെ അനധികൃത പാര്‍ക്കിംഗും സംഘര്‍ഷവും ഏറെ ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
രാത്രി 10ന് ശേഷം റോഡില്‍ അനധികൃത പാര്‍ക്കിംഗ് തടയാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഗതാഗത തടസം സൃഷ്ടിച്ച 40 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി പോലീസ് പറഞ്ഞു.
റോഡില്‍ ബൈക്ക് റേസിംഗ് നടത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പ്രദേശത്ത് ലഹരി വില്പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ ലഹരി വില്പനയ്ക്കെത്തിയ യുവാവിനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
