ഭോപ്പാൽ: മധ്യപ്രദേശിൽ അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കിണറ്റിൽ വീണ് ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർ മരിച്ചു. ദഗ്രായിലെ ദേശീയ പാത 44-ലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. ആഗ്രയിലെ ശ്രീനിവാസ് പരിഹാർ, നാഗ്പുരിലെ ശിവജി കാണ്ടെല എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായെത്തി ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മുഖംമറച്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. ബൈക്കിൽ ഇരച്ചെത്തിയ സംഘം ടോൾ പ്ലാസയിലേക്ക് ഇരച്ചു കയറുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
കംപ്യൂട്ടറുകളടക്കം നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടോൾ പ്ലാസയിൽ ഇരിക്കുന്ന ജീവനക്കാരനെ വലിച്ചിഴച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികളെ ഭയന്ന് ഓടിയ രണ്ടു ജീവനക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അക്രമികളുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. ടോൾ പ്ലാസയ്ക്കരികിലായി ഉണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വീണത്.
ടോൾ പ്ലാസയുടെ കോൺട്രാക്ടർ അടുത്തിടെ മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ടർ നാട്ടുകാരായ ചിലർക്ക് സൗജന്യമായി യാത്ര അനുവദിച്ചിരുന്നു. എന്നാൽ പുതുതായെത്തിയ കോൺട്രാക്ടർ ഇതിന് വിസമ്മതിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ തർക്കത്തിനിടയാക്കിയിരുന്നു. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.