നൈജർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ മോട്ടോർ ബൈക്കുകളിലെത്തിയ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 14 കുട്ടികളുൾപ്പെടെടെ 37 പേർ കൊല്ലപ്പെട്ടു. ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം. നൈജറിന്റെ മാലി അതിർത്തിക്ക് സമീപമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്.
വെസ്റ്റേൺ നൈജർ ഗ്രാമീണർക്ക് നേരെ ഇതിനുമുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.വിമത നീക്കം ശക്തമായ പ്രദേശമാണ് ദാരി ദയെ. ഇവിടെ കഴിഞ്ഞ മാർച്ചിലുണ്ടായ സമാന ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു. ബുർകിന ഫാസോ, മാലി എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഐ.എസ് ബന്ധമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ ആക്രമണം നേരത്തെ നടന്നിരുന്നു.
ഈ വർഷം മാത്രം ടില്ലബെരി പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലുമായി 420 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങൾ നാടുവിട്ടിട്ടുമുണ്ട്.യു.എൻ മനുഷ്യ വികസന സൂചികയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് നൈജർ. രാജ്യത്ത് ഒമ്പതു വർഷമായി ആഭ്യന്തര സംഘട്ടനം തുടരുകയാണ്. അധികാരികൾ സുരക്ഷാ ശ്രമങ്ങൾ നടത്തിയിട്ടും സമാനമായ ആക്രമണങ്ങൾ മേഖലയിൽ ആവർത്തിക്കുകയാണ്.
