
ബ്രൂക്ക്ലിൻ:ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്ത്. ശനിയാഴ്ച രാത്രിയിൽ നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും ഭാര്യയും പിടിയിലായിരുന്നു. രണ്ട് പേരെയും ഡിഇഎ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ മഡൂറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എന്നാൽ പിടിയിലായിട്ടും അൽപം പോലും പതറാതെ ജയിൽ ഉദ്യോഗസ്ഥർക്ക് ഇടയിൽ ചെറുചിരിയുമായി തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.
ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ജിസ്ലെയ്ൻ മാക്സ്വെൽ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ വിചാരണ വേളയിൽ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. മെക്സിക്കൻ ജയിലുകളിൽ നിന്നും മുൻപ് രക്ഷപ്പെട്ടിട്ടുള്ള എൽ ചാപ്പോയെപ്പോലെയുള്ള അതീവ അപകടകാരികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയിലായതാണ് മഡുറോയെ ബ്രൂക്ലിനിലേക്ക് എത്തിച്ചതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.


