
മനാമ: ബഹ്റൈനിലെ ന്യൂ ഹൊറൈസണ്‍ സ്കൂള്‍ (എന്‍.എച്ച്.എസ്) സിഞ്ചിലെ അഹ്ലി ക്ലബ്ബില്‍ ‘അരീന ഓഫ് ചാമ്പ്യന്‍സ്’ എന്ന പേരില്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വന്ദന സതീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച്-ഇന്‍ പരേഡും ദീപം തെളിയിക്കലും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. ഇന്ത്യന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സിലെ പാരാ കമാന്‍ഡോകളുടെ എലൈറ്റ് 9ാം റെജിമെന്റ് അംഗമായ റിട്ട. മേജര്‍ പ്രിന്‍സ് ജോസ് ഉദ്ഘാടന പ്രസംഗം നടത്തി.
വിദ്യാര്‍ത്ഥികളുടെ കായിക മികവിനെ ജ്വലിപ്പിച്ച മീറ്റില്‍ ജൂനിയര്‍ കെ.ജി, സീനിയര്‍ കെ.ജി, ഗ്രേഡ് 1 എന്നിവയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റുകള് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അതിശയകരമായ പ്രകടനത്തിനൊപ്പം ആകര്‍ഷകമായി തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു.
മാതാപിതാക്കള്‍ക്കായി വടംവലി, ബോള്‍ ബാലന്‍സിംഗ് തുടങ്ങിയ മത്സരങ്ങളുമുണ്ടായിരുന്നു. 2024-25 അദ്ധ്യയന വര്‍ഷത്തെ ചാമ്പ്യന്മാരായി റൂബി ഹൗസിനെ പ്രഖ്യാപിച്ചുകൊണ്ട് മീറ്റ് സമാപിച്ചു.
