മനാമ: സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും ലക്ഷ്യമിട്ട്, വനിതകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ബഹറിനിലെ അംഗീകൃത അസോസിയേഷനുകളുടെ ഇടയിൽ വനിതകൾക്കുള്ള അംഗത്വ വിതരണോദ്ഘാടനം, നിറഞ്ഞ സദസ്സിൽ ബഹറിൻ സാമൂഹ്യ മന്ത്രാലയത്തിലെ എൻ. ജി. ഒ. ആക്ടിംഗ് ഡയറക്ടർ അമീന ഇ. അൽജാസിം നിർവഹിച്ചു.
എസ്. എൻ. സി. എസ്. മെമ്പേഴ്സ് നൈറ്റ് 2023-ന്റെ ഭാഗമായി, ബാംഗ് സാങ് തായ്
ഹോട്ടലിൽ ഇന്നലെ (09-11-2023 വ്യാഴാഴ്ച) വൈകീട്ട് നടന്ന വിപുലമായ ചടങ്ങിൽ, ആദ്യ ഘട്ടത്തിൽ 12 വനിതകൾക്ക് അംഗത്വം നൽകി.
ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച അമീന അൽ ജാസിം, ബഹറിനിൽ ഇതാദ്യമായി എസ്. എൻ. സി. എസ് എന്ന സംഘടന മുന്നോട്ടുവന്നതിൽ ഭരണസമിതിയെ മുക്തകണ്ഠം പ്രശംസിക്കുകയും ബഹറിൻ മന്ത്രാലയത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
സ്ത്രീ ശാക്തീകരണത്തിനായി ബഹറിൻ ഭരണാധികാരികൾ നൽകുന്ന വിപുലമായ അധികാരങ്ങളെ കുറിച്ചും ശ്രീനാരായണ ഗുരുവിനെ കുറിച്ചും തന്റെ പ്രസംഗത്തിൽ പ്രതിപാദിക്കുകയുണ്ടായി. പുതുതായി അംഗത്വം നേടിയ വനിതകളെ അഭിനന്ദിക്കുന്ന വേളയിൽ, ഇത്തരത്തിൽ വനിതകൾക്ക് അംഗത്വം നൽകിയിരിക്കുന്നത് എസ്. എൻ. സി. എസ് എന്ന സംഘടന മാത്രമാണെന്നും, ഇത് മറ്റ് സംഘടനകൾക്ക് മാതൃകയാണെന്നും പറയുകയുണ്ടായി.
നിറഞ്ഞ സദസ്സിൽ അംഗങ്ങളുടെ വിപുലമായ കലാപരിപാടികളും അരങ്ങേറി. അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് തലത്തിലും സമ്മാനങ്ങൾ വിതരണം ചെയ്തു.
എസ്. എൻ. സി. എസ് മുൻ ഭാരവാഹിയും സീനിയർ അംഗവുമായ എം.ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് `ആർ. ഗോപിനാഥൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി` കരസ്ഥമാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ SNCS ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷ പ്രസംഗവും നടത്തി. വിശിഷ്ട അതിഥിയും ഉദ്ഘാടകയും ആയ എൻ. ജി. ഒ ആക്ടിംഗ് ഡയറക്ടർ അമീന അൽ ജാസിമിന് എസ്. എൻ. സി. എസ്-ന്റെ സ്നേഹോപഹാരം കൈമാറി. ജുന ജയൻ, മനീഷ സന്തോഷ്, ജിനേഷ് രാജേന്ദ്രൻ എന്നിവർ അവതാരകരായ ചടങ്ങുകൾക്കും കലാപരിപാടികൾക്കും മെമ്പർഷിപ്പ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ നന്ദി രേഖപ്പെടുത്തി.