ലണ്ടന്‍: ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് നിലം പൊത്തി.
ഭൂഗുരുത്വ നിയമം കണ്ടെത്താന്‍ ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കേംബ്രിജ് സര്‍വകലാശാലയില്‍ വെള്ളിയാഴ്ച ആഞ്ഞടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റിൽ നിലംപതിച്ചത്.
1954ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തിലുണ്ടായിരുന്നു. ഹണി ഫംഗസ് ബാധയാണ് ആപ്പിള്‍ മരം നശിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. ഇതുള്‍പ്പെടെ മൂന്ന് മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്.

സംഭവം ദുഃഖകരമാണെന്നും ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയതായും ഉദ്യാന മേല്നോട്ടക്കാരന് സാമുവല്‍ ബ്രോക്കിങ്ടണ്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മ സ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്.

