
മനാമ: ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷൻ അഫയേഴ്സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം പുതിയ അധ്യയന വർഷത്തേക്കുള്ള (2022-2023) അക്കാദമിക് കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അധ്യാപകർ അടക്കമുള്ള ജീവനക്കാർ സെപ്തംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തണമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികൾ നിർബന്ധമായും നേരിട്ട് സ്കൂളിലേക്ക് എത്തിച്ചേരേണ്ടത് സെപ്റ്റംബർ 7-ന് ആയിരിക്കും. പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയുള്ള പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്തു. ആവശ്യമായ മുൻകരുതലുകളും ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. വിവിധ സർക്കാർ സ്കൂളുകളിലായി 1,47,000 കുട്ടികളാണ് പഠിക്കുന്നത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. ആവശ്യമായ പാഠപുസ്തകങ്ങളുടെ സ്റ്റോക്ക് സ്കൂളുകളിൽ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
അക്കാദമിക് കലണ്ടർ അനുസരിച്ച്, പുതിയ കലണ്ടറിൽ അടിസ്ഥാന അക്കാദമിക് കാലയളവുകളും മൂല്യനിർണ്ണയത്തിന്റെയും രജിസ്ട്രേഷൻ പ്രക്രിയകളുടെയും അവസാന തീയതികളും ഔദ്യോഗിക അവധി ദിനങ്ങളും സ്കൂൾ അവധികളും ഉൾപ്പെടുന്നു.
