മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി. 5 മാസത്തോളമായി ഒഴിഞ്ഞുകിടന്നിരുന്ന മുൻ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെ സ്ഥാനത്തേക്കാണ് പീയൂഷ് ശ്രീവാസ്തവ എത്തിയത്.
കോവിഡ്-19 പകർച്ചവ്യാധി കാരണം അദ്ദേഹത്തിന്റെ വരവ് ആഴ്ചകളോളം വൈകുകയായിരുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന എയർ ഇന്ത്യ വിമാനങ്ങളിലൊന്നിലാണ് അദ്ദേഹം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
1998 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായിരുന്നു. ബഹ്റൈനിൽ നിയമിക്കപ്പെടുന്നതിന് മുമ്പ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. ജർമനി, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസ്സികളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.