ന്യൂഡൽഹി : കൂടുതൽ ഇളവുകളോടെ കേന്ദ്രസർക്കാർ പുതുക്കിയ കൊവിഡ് മാർഗരേഖ പുറത്തിറക്കി. പുതിയ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ടാവും.കഴിഞ്ഞ മാർച്ച് മുതൽ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകൾ തുറക്കാനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിനിമാതിയേറ്ററുകളിലും കൂടുതൽ പേരെ പ്രവേശിപ്പിക്കാം. മത, കായിക, വിദ്യാഭാസ,സാമൂഹിക പരിപാടികളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാനും അനുമതിയുണ്ടാവും. നിലവിൽ അൻപത് ശതമാനം പേർക്കാണ് ഒരേസമയം പ്രവേശനം അനുവദിച്ചിരുന്നത്.
പുതിയ ഇളവുകൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തുമുള്ള യാത്രകൾക്ക് യാതൊരു നിയന്ത്രണവും ഇനി ഉണ്ടാകില്ലെന്നും അന്തർ സംസ്ഥാന യാത്രകൾക്കായി ഇനി പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രസർക്കാരിൻ്റെ പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിൽ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാം.