ലോകപ്രശസ്ത എഴുത്തുകാരൻ നെരൂദയുടെ മരണം വിഷബാധയേറ്റ്. നൊബേൽ പുരസ്കര ജേതാവ് കൂടിയായ പാബ്ലോ നെരൂദ എന്ന് അറിയപ്പെടുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ മരണ രഹസ്യം പുറത്തു വരുന്നത് അരനൂറ്റാണ്ട് നീണ്ട നിഗൂഢതയ്ക്ക് ശേഷമാണ്.
അഗസ്റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞു 12 ദിവസത്തിനു ശേഷമാണ് നെരൂദയുടെ മരണം. അതുവരെ ചിലിയുടെ പ്രസിഡന്റായിരുന്ന സാൽവദോർ അല്ലെൻഡെ നെരൂദയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നിരുന്നാലും, സിഐഎയുടെ സഹായത്തോടെ സൈനിക അട്ടിമറിയുടെ ഭാഗമായി ആ വർഷം കൊട്ടാരത്തിൽ ഒരു ബോംബ് വീണ് അലൻഡെ കൊല്ലപ്പെട്ടു. 12 ദിവസത്തിനുശേഷം 1973 സെപ്റ്റംബർ 23 ന് സാന്റിയാഗോയിലെ ഒരു ആശുപത്രിയിൽ വച്ച് നെരൂദ അന്തരിച്ചു. പോഷകാഹാരക്കുറവും അർബുദവുമാണ് നെരൂദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. അതേസമയം നെരൂദയുടെ മരണം കൊലപാതകമാണോ എന്ന സംശയവും ഉയർന്നിരുന്നു. അതിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്.