
കഠ്മണ്ഡു: ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിട്ടുണ്ട്. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരണ സംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 16 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായിട്ടുണ്ട്. അതിശക്തമായ രീതിയിൽ ജെൻ സി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള തീരുമാനത്തിലാണ് നേപ്പാൾ ഭരണകൂടം. ഇതിനായി പട്ടാളത്തെ ഇറക്കിയിട്ടുണ്ട്. വിവിധ നഗരങ്ങളിൽ സൈന്യം ഇറങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
യുവ തലമുറയുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സുരക്ഷാ നടപടികൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം. തലസ്ഥാനമായ കഠ്മണ്ഡുവിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങുന്നത് നേപ്പാളിലെ സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ സർക്കാർ അടിയന്തര യോഗം വിളിച്ചാണ് പട്ടാളത്തെ ഇറക്കാൻ തീരുമാനിച്ചത്.
നേപ്പാളിലെ സോഷ്യൽ മീഡിയ നിരോധനവും പ്രക്ഷോഭത്തിന്റെ കാരണവും
നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയടങ്ങിയ മെറ്റ, ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല. കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നേപ്പാൾ സർക്കാർ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ ഭീമന്മാരോട് ഒരു കോൺടാക്റ്റ് പോയിന്റ് സ്ഥാപിക്കാനും ഒരു റെസിഡന്റ് ഗ്രീവൻസ് ഹാൻഡ്ലിംഗ് ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നാമനിർദ്ദേശം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ നേപ്പാളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ടെലിഗ്രാമിൽ നിന്നും ഗ്ലോബൽ ഡയറിയിൽ നിന്നുമുള്ള അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ. എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് ജെൻസികൾ പറയുന്നത്. കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്. പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു. നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായതോടെ, ഇത് ബിസിനസിനെ ബാധിച്ചുവെന്നും പ്രതിഷേധക്കാർ പറയുന്നു. ഇങ്ങനെ തുടങ്ങിയ പ്രതിഷേധം പിന്നീട് നേപ്പാളിലെ അഴിമതിക്കെതിരെയായ പ്രക്ഷോഭമാകുന്നുവെന്നും യുവാക്കൾ പറയുന്നു.
