ന്യൂഡൽഹി∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള പരീക്ഷാകേന്ദ്രത്തിൽ നിന്നെന്നു സൂചന. പട്നയിൽ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
അതിനിടെ, വിവാദങ്ങളുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. ചോദ്യപ്പേപ്പർ ചോർച്ച വളരെക്കുറച്ചു വിദ്യാർഥികളെ മാത്രമാണ് ബാധിച്ചിട്ടുള്ളതെന്നും ശരിയായ രീതിയിൽ പഠിച്ച് പാസായ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനം വെറുതെയാകുമെന്നു കണ്ടാണു പരീക്ഷ പൂർണമായും റദ്ദാക്കാത്തതെന്നും മന്ത്രി പറഞ്ഞു.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയ് 5ന് നടന്ന നീറ്റ് പരീക്ഷയിൽ 24 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്.