പട്ന: ചോദ്യങ്ങൾ പരീക്ഷയ്ക്കു മുൻപേ ലഭിച്ചതായി നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവ് (22) മൊഴി നൽകി. ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയാണ് അനുരാഗ്. ബന്ധുവായ സിക്കന്തർ യാദവേന്ദു വഴിയാണു ചോദ്യപേപ്പർ ലഭിച്ചതെന്ന് അനുരാഗ് വെളിപ്പെടുത്തി. ബിഹാർ ധാനാപുർ നഗരസഭയിലെ ജൂനിയർ എൻജിനീയറാണു സിക്കന്തർ.
രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരിശീലനത്തിലായിരുന്ന അനുരാഗിനെ സിക്കന്തർ പട്നയിലേക്കു വിളിച്ചു വരുത്തിയാണു ചോദ്യപേപ്പർ സംഘടിപ്പിച്ചു നൽകിയത്. സിക്കന്തർ തന്നെ അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരുടെ അടുക്കലേക്കു കൊണ്ടു പോയെന്നും അവരാണു ചോദ്യപേപ്പർ നൽകിയതെന്നും അനുരാഗ് വെളിപ്പെടുത്തി. നീറ്റ് പരീക്ഷയുടെ തൊട്ടു തലേന്നാണു ചോദ്യപേപ്പർ ലഭിച്ചത്. പരീക്ഷാ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നതെന്നും അനുരാഗ് സമ്മതിച്ചു.
അനുരാഗ് യാദവ്, സിക്കന്തർ, അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരെ ബിഹാർ പൊലീസ് അറസ്റ്റു ചെയ്തു. പരീക്ഷാർഥികളിൽനിന്നു 30 ലക്ഷം രൂപ വരെ ഈടാക്കിയതായും വിവരം ലഭിച്ചു. അനുരാഗിനു പുറമെ ആയുഷ് കുമാർ, ശിവാനന്ദ് കുമാർ, അഭിഷേക് കുമാർ എന്നിവർക്കും സിക്കന്തർ ചോദ്യപേപ്പർ വാഗ്ദാനം ചെയ്തിരുന്നു. ഇവരിൽനിന്നു 40 ലക്ഷം രൂപയാണ് സിക്കന്തർ ആവശ്യപ്പെട്ടത്. അമിത് ആനന്ദും നിതീഷ് കുമാറും വിദ്യാർഥികൾക്കു ചോദ്യപേപ്പർ കൈമാറിയ സ്ഥലം പൊലീസ് റെയ്ഡ് ചെയ്തു. ഇവിടെനിന്നു കത്തിച്ച നിലയിൽ ചോദ്യപേപ്പർ കണ്ടെത്തി.
‘ചോര്ത്താൻ സഹായിച്ച ‘മന്ത്രി’ തേജസ്വി’
നീറ്റ് – യുജി ചോദ്യപേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. കേസിൽ അറസ്റ്റിലായ സിക്കന്തർ യാദവേന്ദുവിനു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി അടുപ്പമുണ്ടെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു. ധാനാപുർ നഗരസഭയിൽ ജൂനിയർ എൻജിനീയറാണു സിക്കന്തർ.
സിക്കന്തറിന്റെ ബന്ധുവായ വിദ്യാർഥി അനുരാഗിനും ഒപ്പമുണ്ടായിരുന്നവർക്കും വേണ്ടി പട്നയിൽ സർക്കാർ ഗെസ്റ്റ് ഹൗസിൽ മുറി ഏർപ്പെടുത്തിയത് തേജസ്വിയുടെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണ്. ഇതിനായി പ്രീതം കുമാർ 2 തവണ ഗെസ്റ്റ് ഹൗസ് ജീവനക്കാരനായ പ്രദീപ് കുമാറിനെ ഫോൺ വിളിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാറിലെ ‘മന്ത്രി’ ഉൾപ്പെട്ടിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ച പ്രീതം കുമാർ ‘മന്ത്രി’ എന്നുദ്ദേശിച്ചതു തേജസ്വിയെയാണെന്നും വിജയ് കുമാർ ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ചു തേജസ്വി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.