കൊച്ചി : നടൻ നെടുമുടി വേണുവിന്റെ വേർപാട് തനിക്ക് വ്യക്തിപരമായ വേദനയാണെന്ന് നടൻ മോഹൻലാൽ . ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ . എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക് – മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. ‘ ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് .
ഹിസ് ഹൈനസ് അബ്ദുള്ള , ചിത്രം , താളവട്ടം , വിഷ്ണുലോകം , ഭരതം , പവിത്രം , അങ്കിൾ ബൺ , വന്ദനം , സ്ഫടികം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മോഹൻലാലും , നെടുമുടി വേണുവും ഒരുമിച്ച് അഭിനയിച്ചിരുന്നു.