മഞ്ചേരി: നവകേരള സദസ്സിൽ മന്ത്രിമാരെ സ്വീകരിക്കാനെത്തിയ എൻ.സി.സി. കാഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽത്തട്ടി. മന്ത്രിമാർക്ക് പുസ്തകം കൈമാറി മടങ്ങുന്നതിനിടെ ഏണീറ്റുനിൽക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് കാഡറ്റ് ആദ്യം സല്യൂട്ട് നൽകി. കൈകൊടുത്ത ശേഷം മാർച്ച്ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ഇടതുകൈ ശക്തമായി മുഖ്യമന്ത്രിയുടെ കണ്ണിൽതട്ടിയത്.
കുട്ടിയും സമീപത്തിരിക്കുകയായിരുന്ന അഡ്വ. ടി.കെ. ഹംസയും മന്ത്രി വി. അബ്ദുറഹ്മാനും ഉടൻ മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാനെത്തി. കണ്ണട ഊരിയ മുഖ്യമന്ത്രി കുറച്ചുനേരത്തേക്ക് അസ്വസ്ഥനായി. പിന്നീട് കസേരയിൽ ഇരുന്ന് തൂവാലകൊണ്ട് കണ്ണ് തടവിക്കൊണ്ടിരുന്നു.
കണ്ണിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിന്നീട് പ്രസംഗിക്കാൻ എണീറ്റത്.