കൊച്ചി: സിനിമയില്‍ നിര്‍മ്മാണം പോലുള്ള ബിസിനസ് മേഖലയില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയില്‍ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്. സിനിമയുടെ സാങ്കേതികം, നിര്‍മ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികള്‍ക്ക് നൂതനമായ അവസരങ്ങള്‍ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
സിനിമയുടെ നിര്‍മ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ ഈ മേഖലയില്‍ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നുള്ള 3000ത്തിലധികം സ്ത്രീകളാണ് മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രിമാരായ വീണാ ജോര്‍ജ്, ആര് ബിന്ദു, കായികതാരങ്ങങ്ങളായ ഷൈനി വില്‍സണ്‍, മേഴ്സിക്കുട്ടന്‍, എം.ഡി വത്സമ്മ, നിലമ്പൂര്‍ ആയിഷ, വൈക്കം വിജയലക്ഷ്മി, ശോഭന ജോര്‍ജ്, ദിവ്യ ഗോപിനാഥ്, കെ അജിത, നിഷ ജോസ് കെ മാണി, പി കെ മേദിനി, ടെസ്റ്റി തോമസ് തുടങ്ങി ജീവിത വഴിയില്‍ വിവിധ മേഖലകളില്‍ വിജയം കൈവരിച്ച സ്ത്രീകള്‍ പരിപാടിയുടെ ഭാഗമായി. തങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കും മുമ്പാകെ തുറന്നു സംസാരിക്കാന്‍ നിരവധി സ്ത്രീകളാണ് മുന്നോട്ടുവന്നത്. 56 പേര് നേരിട്ടും 527 പേര് എഴുതിയും മുഖ്യമന്ത്രിക്ക് മുന്നില്‍ വിവിധ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു. ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടിയും നല്കി. ഉച്ചയ്ക്ക് ഒന്നരയോടെ പരിപാടി സമാപനമായി.