അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. സെമിഫൈനലിൽ കർണാടകയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. മുഹമ്മദ് ആഷിഖ്, അജീഷ് പി എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡ് നേടി. ആദ്യപകുതിയിൽ ആ ലീഡ് നിലനിർത്താൻ കേരളത്തിന് സാധിച്ചു.
രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ അജീഷാണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. ഒരു ഗോൾ തിരിച്ചുപിടിക്കാൻ കർണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു.