ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡൻറ് അഹമ്മദ് അഫീഫും എത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ 7 വിദേശരാഷ്ട്ര തലവന്മാരാണ് പങ്കെടുക്കുക.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ എന്നിവർ ക്ഷണം സ്വീകരിച്ചു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർക്കും ക്ഷണമുണ്ട്. ചടങ്ങിൽ പങ്കെടുക്കാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തലസ്ഥാനത്തെത്തി.
ചടങ്ങിനു വിദേശ നേതാക്കൾക്കു മാത്രമേ ക്ഷണമുള്ളൂവെന്നും ഇന്ത്യാ മുന്നണി നേതാക്കളെ ഇതുവരെ ക്ഷണിച്ചില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ക്ഷണം ലഭിച്ചാൽ പങ്കെടുക്കണോ വേണ്ടയോ എന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
9000 പേർക്കാണ് ആകെ ക്ഷണമെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകൾ. അഞ്ച് കമ്പനി അർധ സൈനിക സേനാംഗങ്ങൾ, എൻഎസ്ജി കമാൻഡോകൾ, ഡ്രോണുകൾ എന്നിവയുൾപ്പെട്ട ബഹുതല സുരക്ഷയോടെയാണ് രാഷ്ട്രപതിഭവനിൽ ചടങ്ങുകൾ നടക്കുക.