വാരാണസി: തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. മോദി പ്രധാനമന്ത്രിയായാല്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയെന്നോണമാണ് ആദിത്യനാഥിനെയടക്കം ഒപ്പം കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ്ഷോയിലും ആദിത്യനാഥ് മോദിക്കൊപ്പമുണ്ടായിരുന്നു.
1991 മുതല്‍ ഏഴ് തവണ ബി.ജെ.പി വിജയിച്ച മണ്ഡലമാണ് വാരാണസി. ഇതില്‍ 2004 ല്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജേഷ് കുമാര്‍ മിശ്ര വിജയിച്ചത്. 2019 ല്‍ 479,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ മോദിക്ക് ലഭിച്ചത്. 2014 ല്‍ 371,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജൂണ്‍ ഒന്നിന് ആണ് വാരണാസിയിലെ വോട്ടെടുപ്പ്.