
മനാമ: വില്‍പ്പനയ്ക്കായി ബഹ്റൈനിലേക്ക് കൊണ്ടുവന്ന 100 കിലോഗ്രാമിലധികം കഞ്ചാവും ഹാഷിഷും സഹിതം മൂന്നു പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടി. 1.5 ദശലക്ഷം ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
ഇറാനില്‍നിന്ന് ‘ഡെഡ് മെയില്‍’ എന്നറിയപ്പെടുന്ന രീതിയിലൂടെയാണ് മയക്കുരുന്ന് കടത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം, അന്വേഷണങ്ങള്‍, തിരച്ചില്‍, തെളിവ് ശേഖരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. ഇത് സംശയിക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും വഴിയൊരുക്കി.
പിടിച്ചെടുത്ത വസ്തുക്കളില്‍ ഇറാനില്‍നിന്ന് കള്ളക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍, വിവിധ കറന്‍സികളിലുള്ള പണം, കള്ളക്കടത്തിനും വിതരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുമുള്പ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


