
മനാമ: ബഹ്റൈനില്‍ മയക്കുരുന്ന് കടത്ത് കേസില്‍ രണ്ടു വിദേശികള്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവും 5,000 ദിനാര്‍ വീതം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിനു ശേഷം ഇരുവരെയും നാടുകടത്താനും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി തന്റെ ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വിമാനമാര്‍ഗം രാജ്യത്തേക്ക് കടത്തിയതായി നേരത്തെ അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു എന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ് അറിയിച്ചു. തുടര്‍ന്ന് അയാള്‍ വിതരണത്തിനായി മയക്കുമരുന്ന് രണ്ടാം പ്രതിക്ക് കൈമാറി.
രാജ്യം വിടാന്‍ ശ്രമിച്ച ഒന്നാം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് മയക്കുരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വെച്ച രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.
രണ്ടു പേരെയും ചോദ്യം ചെയ്യുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറിയത്.
