തിരുവനന്തപുരം: ആഭിചാര കർമ്മങ്ങളുടെ പേരിൽ സംസ്ഥാനത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യ പരാതിയിൽ തന്നെ സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ മറ്റൊരു ജീവൻ രക്ഷിക്കാമായിരുന്നു. ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിയെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നാണ്. കേട്ടുകേള്‍വി മാത്രമായിരുന്ന കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്മുന്നിലും സംഭവിക്കുകയാണ്.
പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള് ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്. കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്ന വസ്തുത ഗൗരവമുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.