കലിഫോണിയ: യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ (82) മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി കലിഫോണിയ പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാത്രി 11.44നു നാപ്പാ കൗണ്ടിയില്‍ ആയിരുന്നു അറസ്റ്റ്.
രക്തത്തില്‍ 0.08 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന കുറ്റവും ചുമത്തിയെന്നു നാപ്പാ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ രേഖകളില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ 04.13നു അറസ്ററ് രേഖപ്പെടുത്തിയ ശേഷം 07.26നു വിട്ടയച്ചത് രണ്ടു കുറ്റത്തിനും കൂടി 5,000 ഡോളര്‍ ജാമ്യത്തിലാണ്.
നാപ്പയിലെ സെന്റ് ഹെലേനയില്‍ വിശാലമായ മുന്തിരി തോട്ടത്തിലാണ് പെലോസി കുടുംബം ജീവിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയിലും കോടീശ്വര കുടുംബത്തിനു വീടുണ്ട്.
സ്വകാര്യ വിഷയത്തെ കുറിച്ച് നാന്‍സി പെലോസി സംസാരിക്കില്ലെന്ന് അവരുടെ വക്താവ് ഡ്രൂ ഹാമില്‍ പറഞ്ഞു. നാന്‍സി വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച അവര്‍ റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിയിരുന്നു.
1963 ലാണ് സാന്‍ ഫ്രാന്‍സിസ്കോ സ്വദേശിയായ പോളും നാന്‍സിയും വിവാഹിതരായത്.