മൂവാറ്റുപുഴ: നിർമ്മല കോളേജിനുമുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി നമിത മരിച്ച സംഭവത്തിലെ പ്രതി ആൻസൺ റോയിക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിയുടെ ബൈക്ക് മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കിൽ സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും ക്രാഷ്ഗാർഡും നീക്കംചെയ്ത നിലയിലുമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി ആൻസനെതിരെ കൊലപാതകശ്രമം, ലഹരിഉപയോഗമുൾപ്പെടെ 11 കേസുകൾ നിലവിലുണ്ട്. ആൻസന്റെ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചതുകൂടി ആയപ്പോൾ കേസുകളുടെ എണ്ണം 12ആയി.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഇതിനുമുമ്പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.
ബുധനാഴ്ച മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിലാണ് ആൻസന്റെ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചത്. അവസാനവർഷ ബിരുദ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കൽ വടക്കേപുഷ്പകം രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയാണ് (20) മരിച്ചത്.