തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ചെന്നിറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോമനാഥ്.
‘ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കും. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണ്.ജപ്പാനുമായി ചേർന്നുള്ള ലൂപ്പെക്സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കും. ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യവും ഉടൻ ഉണ്ടാകും.ജിഎസ്എൽവി, എസ്എസ്എൽവി വിക്ഷേപണങ്ങളും പിന്നാലെ നടക്കും’- സോമനാഥ് അറിയിച്ചു.
ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ചെന്നിറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണവും ചെയ്തു.ഇതിനു മുമ്പ് ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടെങ്കിലും അത് ചന്ദ്രനിൽ ചെന്നെത്തിയ സ്ഥലത്തിന് ദേശീയ പതാക എന്ന അർത്ഥത്തിൽ തിരംഗ എന്ന പേരും നൽകി.
ചന്ദ്രയാൻ ദൗത്യം നിയന്ത്രിക്കുന്ന ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് (ഇസ്ട്രാക്) കേന്ദ്രത്തിൽ നേരിട്ടെത്തി ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ദ്ധരെയും അഭിനന്ദനം അറിയിച്ച വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
ചന്ദ്രയാൻ-3 ദൗത്യം ലക്ഷ്യത്തിലെത്തിയ വേളയിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലായിരുന്നു പ്രധാനമന്ത്രി. തുടർന്ന് ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരെ ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയെ വരവേറ്റ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥും സംഘവും ചന്ദ്രയാൻ-3 ദൗത്യത്തിന്റെ നേട്ടങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രനിൽ തൊട്ട നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.