
മനാമ: ബഹ്റൈന്റെ പേയ്മെന്റ് നെറ്റ്വര്‍ക്ക് കമ്പനിയായ ബെനിഫിറ്റിന്റെ ഫൗറി+ സേവനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം ഇന്ത്യയുടെ യുനൈറ്റഡ് പേയ്മെന്റ് ഇന്റര്‍സേഫ് (യു.പി.ഐ) പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും.
ഇതിനായി ബെനിഫിറ്റും നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ ഇന്റര്‍നാഷണല്‍ പെയ്മെന്റ്സ് ലിമിറ്റഡും (എന്‍.ഐ.പി.എല്‍) സഹകരണ കരാര്‍ ഒപ്പുവെച്ചതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) അറിയിച്ചു.
സി.ബി.ബിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും തല്‍ക്ഷണ പേയ്മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് കരാര്‍. ഈ സംയോജനത്തിലൂടെ ഇരു രാജ്യങ്ങളിലുമുള്ളവര്‍ തമ്മില്‍ സുരക്ഷിതമായ പണം കൈമാറ്റവും പെയ്മെന്റുകളും നടത്താന്‍സാധിക്കും.
സി.ബി.ബി. ആസ്ഥാനത്തു നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബെനിഫിറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ വാഹിദ് ജനാഹിയും എന്‍.ഐ.പി.എല്‍. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സി.ബി.ബി. ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഹെസ്സ അബ്ദുല്ല അല്‍ സാദ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് വകുപ്പ് ജനറല്‍ ഡയറക്ടര്‍ ഗന്‍വീര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.


