തിരുവനന്തപുരം :ജില്ലയിലെ സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നിമിഷനേരത്തിൽ ലഭ്യമാക്കി ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷൻ. സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടുള്ള ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷന്റെ പോസ്റ്ററും ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ വീഡിയോയും ജില്ലാ കളക്ടർ ഡോ.നവ്ജ്യോത്ഖോസ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പോസ്റ്റർ സ്പോൺസർ ചെയ്തത്.
സർക്കാർ ഓഫീസുകൾ ജനകീയമാക്കുന്നതിന് ‘എന്റെ ജില്ല’ ആപ്പ് ഉപകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആപ്ലിക്കേഷന്റെ തുടർപ്രവർത്തനങ്ങൾക്ക് ഓഫീസ് മേധാവികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഇതിനായി ഓഫീസിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
സർക്കാർ സംവിധാനങ്ങൾ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ അത് ലഭ്യമാക്കുന്നതിനുമായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. നിലവിൽ ജില്ലയിലെ 34 സർക്കാർ വകുപ്പുകളുടെയും 2000ത്തോളം സർക്കാർ ഓഫീസുകളുടെയും വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ആപ്പിലൂടെ ലഭിക്കും. സർക്കാർ സേവനങ്ങളുടെ ലഭ്യത മുതൽ കാര്യക്ഷമത വരെയുള്ള വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് അസരമുണ്ടെന്നതാണ് ആപ്പിന്റെ പ്രത്യേകത. കൂടാതെ ഒന്ന് മുതൽ അഞ്ച് വരെയുള്ള റേറ്റിംഗും സാധ്യമാണ്. ഏകദേശം 400ൽ അധികം റിവ്യൂകൾ ഇതിനോടകം ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്ററുകൾ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തും പോസ്റ്ററിലുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും ‘എന്റെ ജില്ല’ ആപ്പ് ഉപയോഗിക്കാവുന്നതാണ്. കേരളത്തിലെ 14 ജില്ലകളിലേയും സർക്കാർ ഓഫീസുകൾ സംബന്ധിച്ച വിവരം ഈ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, നാഷണൽ ഇൻഫോമാറ്റിക്സ് ഓഫീസർ ഷാജി കുര്യാക്കോസ്, എസ്.ബി.ഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസ് ജനറൽ മാനേജർ സീതാരാമൻ.വി, ഡി.ജി.എം ഉഷാ ശങ്കർ, എ.ജി.എം മോഹൻകുമാർ .ആർ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.