തിരുവനന്തപുരം: സി.പി.എം വിട്ട എം.വി. രാഘവനെ 1987ൽ സബ്മിഷന്റെ പേരിൽ ചവിട്ടിമെതിച്ചതിന് സമാനമായ സംഭവങ്ങളാണ് നിയമസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ടി.പി ചന്ദ്രശേഖരനെ കൊന്ന അതേ രോഷത്തോടെയാണ് അവർ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചത്. ബോധരഹിതനായി വീണ സനീഷ് കുമാർ ജോസഫ് എം.എൽ.എയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സുധാകരൻ പറഞ്ഞു.
മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് അഡീഷണൽ ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. എ.കെ.എം അഷ്റഫ്, ടി.വി ഇബ്രാഹിം എന്നിവർക്കും പരിക്കേറ്റു. എൽ.ഡി.എഫ് എം.എൽ.എമാരായ എച്ച്.സലാമും സച്ചിൻ ദേവും യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിപക്ഷ എം.എൽ.എമാരെ കടന്നാക്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു.
സി.പി.എം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എം.വി. രാഘവനെ 15 ദിവസം നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മർദ്ദിച്ച സി.പി.എം എം.എൽ.എമാർക്ക് സംരക്ഷണം നൽകുകയും ചെയ്ത ചരിത്രമുള്ള സി.പി.എം അതേ കാര്യം വീണ്ടും ആവർത്തിക്കാൻ ശ്രമിച്ചാൽ അത് തീക്കളിയാകും. യു.ഡി.എഫ് എം.എൽ.എമാരെ മർദ്ദിച്ച ഇടത് എം.എൽ.എമാർക്കും അഡീഷണൽ ചീഫ് മാർഷലിനുമെതിരെ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
നിസാരകാരണങ്ങൾ ചൂണ്ടികാട്ടിയാണ് സ്പീക്കർ നിരന്തരമായി അടിയന്തരപ്രമേയ നോട്ടിസിനു അവതരണാനുമതി നിഷേധിക്കുന്നത്. ബ്രഹ്മപുരം തീപ്പിടുത്തത്തിൽ 13 ദിവസം കഴിഞ്ഞിട്ടാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. ഇതിനിടെ ആകെ ഒരു മീറ്റിങ് മാത്രമാണ് മുഖ്യമന്ത്രി വിളിച്ച് കൂട്ടിയത്. ബ്രഹ്മപുരം തീപ്പിടുത്തമുണ്ടായപ്പോൾ അങ്ങോട്ടു തിരിഞ്ഞു നോക്കാതെയും ഒരക്ഷരം മിണ്ടാതെയും ക്ലിഫ് ഹൗസില്‍ ഒളിച്ച മുഖ്യമന്ത്രിയുടെ സഭയിലെ എഴുതി തയാറാക്കിയ പ്രസ്താവന കേട്ട് പുളകിതരാവാൻ സിപിഎം അനുഭാവികള്‍ക്കും ന്യായീകരണ തൊഴിലാളികള്‍ക്കും സാധിക്കുമായിരിക്കും. കോർപ്പറേഷന്റെ 16 കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി 54 കോടിയുടെ പദ്ധതിക്ക് അനുമതി നല്കിയതും സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിക്ക് കരാര്‍ നല്കിയതുമൊക്കെ ഇതേ സര്‍ക്കാരാണ്.
മുഖ്യമന്ത്രിയെക്കാൾ ധിക്കാരമുള്ള പുതിയ മുഖ്യൻ വന്നിട്ടുണ്ട്. അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി. അമ്മായിയപ്പൻ മരുമകൻ ഭരണത്തിന്റെ പ്രത്യാഘാതമാണ് ജനം ഇപ്പോൾ അനുഭവിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.