കല്പറ്റ (വയനാട്): വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകും. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോ റിക്ഷ നഷ്ടപ്പെട്ട മൂന്നുപേർക്കും വാഹനങ്ങൾ വാങ്ങി നൽകുമെന്നും അറിയിച്ചു.
വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സഹായങ്ങളും വെള്ളിയാഴ്ച മുതൽ നൽകുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും. എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്ക്വയർ ഫീറ്റ് വീടുമാണ് നിർമ്മിക്കുക. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സ്ഥലം സംബന്ധിച്ച കാര്യങ്ങൾ സർക്കാരുമായി ചർച്ച നടത്തുമെന്നും സാദിഖലി തങ്ങൾ കോഴിക്കോട് വെച്ച് പറഞ്ഞു.
പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. യു.എ.ഇ. കെ.എം.സി.സിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത്. 55 അപേക്ഷകളിൽനിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവർക്ക് അനുയോജ്യമായ കമ്പനികളിൽ ജോലി നൽകുമെന്നും സാദിഖ് അലി തങ്ങൾ അറിയിച്ചു.