കാലിഫോര്‍ണിയ: ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അധിക്ഷേപിച്ച് എലോൺ മസ്ക്. ഐസ്ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്കുലർ അട്രോഫി ബാധിച്ച ഹാലിയെ അപമാനിച്ചതിന് മസ്കിനെതിരെ ട്വിറ്ററിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായപ്പോൾ മസ്ക് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
“പ്രിയപ്പെട്ട എലോൺ മസ്ക്, ഒൻപത് ദിവസമായി കമ്പനി കമ്പ്യൂട്ടറിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. എച്ച്ആറുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. തനിക്ക് ജോലി നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം”, ഇതായിരുന്നു ഹറാൽദുർ തോർലൈഫ്സൺ എന്ന ഹാലിയുടെ ട്വീറ്റ്. ട്വിറ്ററിൽ നിങ്ങളുടെ ജോലി എന്താണ് എന്നായിരുന്നു മസ്കിന്റെ ചോദ്യം. ഹാലിയുടെ വിശദമായ പ്രതികരണത്തോടുള്ള മസ്കിന്റെ പ്രതികരണം പരിഹാസ്യമായിരുന്നു.
ഇതിനിടയിലാണ് ഹാലിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ട്വിറ്റർ എച്ച്ആറിൽ നിന്ന് സന്ദേശം വന്നത്. ഇതിനുശേഷം ഹാലി ഒരു ജോലിയും ഏറ്റെടുക്കുന്നില്ലെന്നും രോഗത്തിന്റെ പേരിൽ കമ്പനിയെ വഞ്ചിച്ചുവെന്നും ആരോപണമുയർന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർമാരിൽ ഒരാളെ മസ്ക് അപമാനിച്ചതായി ആക്ഷേപമുണ്ടാവുകയായിരുന്നു.