കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് മാതൃഭൂമി കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ
സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.
2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണ് പരമ്പരയിലുള്ളത്. പ്രമുഖ കളിയെഴുത്തുകാരായ സനിൽ പി. തോമസ്, എ.എന്‍. രവീന്ദ്രദാസ്, ടി. സോമൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്.
രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കണ്ണൂരിലെ കായിക രംഗത്തെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് അവതരിപ്പിക്കാൻ ലേഖികക്ക് സാധിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസ (ഐ.സി.ജെ)ത്തിൽ നിന്ന് ജേണലിസം ബിരുദാനന്തര ഡിപ്ലോമയ്ക്ക് ശേഷം 2008ൽ വർത്തമാനം കോഴിക്കോട് ബ്യൂറോയിൽ റിപ്പോർട്ടറായി പത്രപ്രവർത്തനം തുടങ്ങി. 2009 മുതൽ മാതൃഭൂമി കണ്ണൂർ ബ്യൂറോയിൽ ജോലി ചെയ്യുന്നു. ഹെർമൻ ഗുണ്ടർട്ട് സ്മാരക മാധ്യമ പുരസ്കാരം, നാസർ മട്ടന്നൂർ സ്മാരക മാധ്യമ പുരസ്കാരം, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കോഴിക്കോട് പുതിയറ തലാഞ്ചേരിയിൽ ടി. മുരളീധരന്റെയും സുഭാഷിണിയുടെയും മകളാണ്. ഭർത്താവ്: കെ. വിജേഷ്. മകൾ: തിത് ലി