മൊഹാലി: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. 10 വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം.
11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് മാത്രമാണ് നേടിയത്. കേരളത്തിനായി സിജിമോൻ ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
4.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ കേരളം ലക്ഷ്യം മറികടന്നു. കേരളത്തിനായി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 16 പന്തിൽ 23 റൺസാണ് വിഷ്ണു നേടിയത്. രണ്ട് ഫോറും ഒരു സിക്സും വിഷ്ണുവിന്റെ വകയായിരുന്നു. രോഹൻ 13 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.