
തൃശൂർ: ഫേസ്ബുക്ക് പരിചയത്തിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സബ് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തള്ളി. വിവാഹമോചിതയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, വീട്ടുകാർക്ക് കാണണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ചാലക്കുടി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ഇടുക്കി ജില്ല കഞ്ഞിക്കുഴി പഴയാരിക്കണ്ടം വലിയവീട്ടിൽ സുധാകരൻ മകൻ അമൽ വി സുധാകരന്റെ ( 29 ) മുൻകൂർ ജാമ്യാപേക്ഷ, തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി പി സെയ്തലവിയാണ് തള്ളിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 16 -ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമമായ ഫേസ്ബുക്ക് മുഖേന അതിജീവിതയും പ്രതിയും സുഹൃത്തുക്കളായി. തുടർന്ന് പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അതിജീവിതയെ വിശ്വാസത്തിലെടുക്കുകയായിരുന്നു. പ്രതിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കാണണമെന്ന് പറഞ്ഞ് അതിജീവിതയെ ചാലക്കുടി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതിനുശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയിൽ ചാലക്കുടി പൊലീസ്, സബ് ഇൻസ്പെക്ടറായ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പ്രിൻസിപ്പൽ ജില്ലാ കോടതി മുമ്പാകെ പ്രതി മുൻകൂർ ജാമ്യപേക്ഷ ഫയൽ ചെയ്തത്.
കേസ് ഫയലും രേഖകളും പരിശോധിച്ച കോടതി, കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെന്നതും അതിജീവിതയുടെ മജിസ്ട്രേട്ട് മുമ്പാകെയുള്ള മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നതും പ്രതി സബ് ഇൻസ്പെക്ടർ പദവി വഹിക്കുന്നയാളാണ് എന്നത് പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നുമടക്കം ചൂണ്ടികാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ പദവി ദുരുപയോഗം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നതിന് സാധ്യത ഉണ്ടന്നും കേസിലെ തെളിവുകൾ നശിപ്പിക്കുവാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാർ ചൂണ്ടികാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി പി സെയ്തലവി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
