മസ്കത്ത്: ലോകത്തിലെ തന്നെ ഏറ്റവും ജീവിത ചെലവ് താങ്ങാവുന്ന നഗരങ്ങളില്‍ മസ്കറ്റ് മുന്നിൽ. അമേരിക്കൻ ഓൺലൈൻ ലെന്‍ഡര്‍ ആയ നെറ്റ്ക്രെഡിറ്റിന്റെ റിപ്പോർട്ട് പ്രകാരം, വസ്തുവിന്റെ ചെലവ്, വരുമാനം അടക്കമുള്ള കാര്യങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി മസ്കറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 73 തലസ്ഥാന നഗരങ്ങളിലെ 800,000 പ്രോപ്പർട്ടികൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
ഓരോ രാജ്യത്തെയും പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് കഴിഞ്ഞ 12 മാസത്തെ കെട്ടിടങ്ങളെക്കുറിച്ചുള്ള പഠനവും ഏജൻസി സമാഹരിച്ചു. തുടർന്ന് ഓരോ തലസ്ഥാനത്തെയും ശരാശരി ശമ്പളം കണക്കുകൂട്ടിയാണ് ജീവിതച്ചെലവ് നിറവേറ്റാൻ കഴിയുമോ എന്ന് വിശകലനം ചെയ്തത്.
ശരാശരി ശമ്പളമുള്ള വ്യക്തിക്ക് ഒരു ഇടത്തരം വീട് വാങ്ങാൻ കഴിയുന്ന കാലയളവും കണക്കാക്കി. മസ്കറ്റിൽ ഇടത്തരം വീട് വാങ്ങാൻ 4 വര്‍ഷത്തെയും ഏഴ് മാസത്തെയും ശമ്പളം മതിയെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. മസ്കറ്റിൽ ഇടത്തരം വീടുകൾക്ക് 1.08 ലക്ഷം ഡോളറാണ് വില.