
ന്യൂജേഴ്സി: 2017-ൽ ആന്ധ്രാ സ്വദേശിനി ശശികല നരയും അവരുടെ ആറ് വയസ്സുള്ള മകൻ അനീഷും കുത്തേറ്റ് മരിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് അമേരിക്കൻ അധികൃതർ ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്. ഹമീദ് കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ, ഇയാൾക്ക് ഔദ്യോഗികമായി കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളാണ് വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടെത്താൻ നിർണായകമായത്. കൊലപാതക കുറ്റം ചുമത്തിയ അധികൃതർ, വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2017 മാർച്ച് 23 ന് ഹനു നര വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശശികല നരയെയും മകൻ അനീഷിനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തങ്ങളെ ആക്രമിച്ചയാളെ ചെറുക്കാൻ ശ്രമിച്ചതിൻ്റെ മുറിവുകൾ ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി രക്തക്കറ സാംപിളുകൾ ശേഖരിച്ചിരുന്നു. ഇരകളുടെയോ ഹനു നരയുടെയോ അല്ലാത്ത ഒരൊറ്റ രക്തത്തുള്ളി കണ്ടെത്തിയത് കേസിൽ ദുരൂഹതയായി തുടർന്നു. കോഗ്നിസൻ്റ് ടെക്നോളജീസിലെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ്, ഹനു നരയെ മുൻപ് ശല്യപ്പെടുത്തിയതിന് ആരോപണവിധേയനായിരുന്നു.


