
കൊച്ചി: എറണാകുളം അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില് കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കും. റോസിലി നിലവിൽ ആശുപത്രിയിൽ ചികിത്സയിയിൽ തുടരുകയാണ്. അതേസമയം, കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം അൽപസമയത്തിനകം നടക്കും. കറുക്കുറ്റി ചീനിയിൽ താമസിക്കുന്ന ആന്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ഇന്നലെ മരിച്ചത്. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കറുക്കുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പയ്യപ്പള്ളി വീട്ടിലാണ് നാട് നടുങ്ങിയ കുഞ്ഞിന്റെ മരണം. വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസി മണി ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ചകുഞ്ഞിനെ അച്ഛൻ ആന്റണി തോളിൽ കിടത്തിയിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ എന്തോ കടിച്ചു എന്നായിരുന്നു മറുപടി. അച്ഛനെയും അമ്മയെയും കുഞ്ഞിനെയും കാറിൽ കയറ്റി മണി ഉടൻ അപ്പോളോ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതോടെയാണ് അടിമുടി ദുരൂഹതയായത്. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും എല്ലാം അടങ്ങുന്ന കുടുംബമാണ് ആന്റണിയുടേത്. കുഞ്ഞിനെ രാവിലെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ ഭക്ഷണം എടുക്കാൻ അടുക്കളയിൽ പോയി തിരിച്ചുവന്നപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
60 കാരിയായ അമ്മൂമ്മ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആൾ ആണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഓവർഡോസ് മരുന്ന് കഴിച്ച് മാനസിക വിഭ്രാന്തി കാണിച്ച് ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെയും അമ്മൂമ്മ ഓവർഡോസ് മരുന്ന് കഴിച്ചിരുന്നു. അമ്മൂമ്മ കുഞ്ഞിനെ പരിക്കേൽപിച്ചെന്ന സംശയത്തിലാണ് പൊലീസ്. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നാലെ തളർന്നുവീണ അമ്മൂമ്മയെ മൂക്കന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും മൊഴി അങ്കമാലി പൊലീസ് രേഖപ്പെടുത്തി. അമ്മൂമ്മയുടെയും അമ്മയുടെയും അടക്കം മൊഴികൾ ഉടൻ രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.


