
മനാമ: ബഹ്റൈനില്‍ ഒരു ഏഷ്യക്കാരനെ അദ്ദേഹത്തിന്റെ നാട്ടുകാര്‍ തന്നെയായ രണ്ടുപേര്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കേസില്‍ ഫെബ്രുവരി 9ന് കോടതി വാദം കേള്‍ക്കും. അല്‍ ബുദൈയയിലെ ഒരു ഇടവഴിയില്‍ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റ മുറിവുകളുണ്ടായിരുന്നു.
സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
12 വര്‍ഷം മുമ്പ് നാട്ടില്വെച്ചുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നുള്ള വിദ്വേഷം മൂലമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇരയെ ദിവസങ്ങളോളം പിന്തുടര്ന്ന് ഒരു ദിവസം സൗകര്യം കിട്ടിയപ്പോള്‍ വഴിയില്‍ പതിയിരുന്ന ശേഷം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.


