ചെന്നൈ: മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങൾ കളിച്ച മുരളി 4490 റൺസ് നേടിയിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തിലാണ് മുരളി വിജയ് ഏറ്റവുമധികം തവണ ജഴ്സിയണിഞ്ഞത്. 61 ടെസ്റ്റുകളിൽ നിന്നായി 3982 റൺസ് നേടിയിട്ടുണ്ട്. ശരാശരി 38.29 ആണ്. 12 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.
17 ഏകദിനങ്ങളിൽ നിന്ന് 339 റൺസും ഒമ്പത് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 154 റൺസും താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ സ്ഥിര സാന്നിധ്യമായ മുരളി വിജയ് 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് മുരളി ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്.