കഴിഞ്ഞ ഐഎസ്എൽ സീസണിൽ പ്ലേ ഓഫിലെത്താൻ കഴിയാത്തതിന്റെ എല്ലാ വിഷമങ്ങളും തീർത്ത് മുംബൈ സിറ്റി ഈ സീസണിൽ പ്ലേ ഓഫിൽ. ഇന്നലെ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇത്തവണ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം കൂടിയാണ് മുംബൈ.
14 മത്സരങ്ങളിൽ നിന്ന് 11 ജയവും മൂന്ന് സമനിലയുമായി 36 പോയിന്റാണ് മുംബൈയ്ക്കുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈ ഈ സീസണിൽ തോറ്റിട്ടില്ല. ഇതുവരെ 41 ഗോളുകൾ നേടിയ അവർ 13 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഇതേ കുതിപ്പ് തുടരുകയാണെങ്കിൽ, മുംബൈയ്ക്ക് ഐഎസ്എൽ സീസൺ തോൽവിയില്ലാതെ പൂർത്തിയാക്കാനും ഷീൽഡ് കിരീടം ഒരിക്കൽ കൂടി നേടാനും കഴിയും.
ഹൈദരാബാദ് എഫ്സി, ജെംഷദ്പുർ എഫ്സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകൾ മാത്രമാണ് മുംബൈയ്ക്കെതിരെ സമനിലയിൽ പിരിഞ്ഞത്. ഇതിൽ ബഗാനെതിരായ രണ്ടാം മത്സരത്തിൽ മുംബൈ വിജയിച്ചു. ഹൈദരാബാദിനെതിരെയും ജെംഷദ്പുരിനെതിരെയും ഇനി മുംബൈയ്ക്ക് മത്സരമുണ്ട്.