കോഴിക്കോട്: കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ടെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പങ്കെടുക്കാത്തതിന്റെ കാരണം സോണിയാ ഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും മാധ്യമങ്ങളോട് അല്ല, പാർട്ടി അധ്യക്ഷയോട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു.
കോഴിക്കോട്ടെ ചിന്തൻ ശിബിരത്തില്‍ ഗൗരവമേറിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. 2024 ലേക്കുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതുകൊണ്ടാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ ആണ്. യഥാർത്ഥ വസ്തുതകൾ സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഏതെങ്കിലും നേതാക്കളുമായോ പ്രവർത്തകരുമായോ വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
