മനാമ: മുഹറഖ് സീഫ് മാളിൽ സ്ഥിതി ചെയ്യുന്ന ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) ഐഡി കാർഡ് സർവീസ് സെന്റർ ഞായറാഴ്ച വീണ്ടും തുറക്കും. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും പ്രവർത്തി സമയം എന്ന് ഐജിഎ അറിയിച്ചു.
എല്ലാ തിരിച്ചറിയൽ കാർഡ് സേവനങ്ങളും വ്യക്തിഗത സന്ദർശനങ്ങളില്ലാതെ ഓൺലൈനിൽ ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾക്ക് bahrain.bh എന്ന നാഷണൽ പോർട്ടൽ വഴിയും ലഭ്യമാണ്. സേവന കേന്ദ്രം സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്ന പൗരന്മാർക്കും താമസക്കാർക്കും കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഇടപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കി ഉറപ്പുവരുത്തുന്നതിനും bahrain.bh പോർട്ടൽ വഴി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
തദ്ദേശവാസികൾക്കും പ്രവാസികൾക്കും (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക്) ഐഡി കാർഡ് വിതരണവും പുതുക്കലും, നഷ്ടപ്പെട്ടതോ കേടായതോ ആയ ഐഡി കാർഡുകൾ മാറ്റിസ്ഥാപിക്കൽ, ചിപ്പ് അപ്ഡേറ്റുകൾ, ഫാസ്റ്റ് ട്രാക്ക് സേവനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ മുഹറഖ് ഐഡി കാർഡ് സേവന കേന്ദ്രത്തിലൂടെ സാധിക്കും. ഐഡി കാർഡ് ചിപ്പ് വിശദാംശങ്ങൾ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന കിയോസ്ക് വഴി അപ്ഡേറ്റ് ചെയ്യാനും കഴിയും.
ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സെന്റർ വീണ്ടും തുറക്കുന്നതിലൂടെ സാധിക്കും.