മനാമ: അന്താരാഷ്ട്ര ഡിസൈനുകളിലും വാസ്തുവിദ്യയിലും ശ്രദ്ധേയമായ ഇംഗ്ലീഷ്-സ്പാനിഷ് ദ്വിഭാഷാ മാസികയായ എൽ ക്രോക്വിസിന്റെ കവറിൽ ഗ്രീൻ കോർണർ കെട്ടിടം ഇടം നേടി. മുഹർറാക്കിലെ ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-ഖലീഫ സെന്റർ ഫോർ കൾച്ചർ ആന്റ് റിസർച്ചിന്റെ ഭാഗമായ കെട്ടിടത്തിന്റെ ഒരു ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് മാസിക അതിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പുറംചട്ട അലങ്കരിച്ചിരിക്കുന്നത്.
നാല് നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില പഴയ പെയിന്റിംഗുകളും പുസ്തകങ്ങളും പുനഃ സ്ഥാപിക്കുന്നതിനായും മറ്റൊന്ന് ബഹ്റൈൻറെ സാംസ്കാരിക ഉന്നമനത്തിനായും ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ മാസികകളിലൊന്നായ എൽ ക്രോക്വിസ് ഇത് രണ്ടാം തവണയാണ് ബഹ്റൈനിലെ ഒരു കെട്ടിടത്തെ ഉൾപ്പെടുത്തുന്നത്. എന്നാൽ മാഗസിൻ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് നടത്തുന്ന “ദാർ അൽ മുഹറക്കിന്” ആദ്യമായിട്ടാണ് അതിന്റെ കവർ സമർപ്പിക്കുന്നത്.
ഗ്രീൻ കോർണർ കെട്ടിടത്തിനുപുറമെ എക്സ്പോ മിലാനോ 2015 ൽ സിൽവർ അവാർഡ് നേടിയ ദിൽമുന്റെ പുരാതന നാഗരികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ബഹ്റൈന്റെ സാംസ്കാരിക കാർഷിക പൈതൃകത്തിന്റെ കാവ്യാത്മക വ്യാഖ്യാനമായ ‘ആർക്കിയോളജീസ് ഓഫ് ഗ്രീൻ’, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ മേൽനോട്ടത്തിൽ നവീകരിച്ച ഖൈസാരിയ സൂഖ, ബഹ്റൈൻ പോസ്റ്റ് (മുൻ കസ്റ്റംസ് കെട്ടിടം) എന്നിവയും മാഗസിന്റെ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. സിയാഡി മാജിസ്, പേൾ മ്യൂസിയം, മുറാദ് ഹൗസ് എന്നിവ ഉൾപ്പെടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് കെട്ടിടങ്ങളും മാഗസിൻ പതിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.