
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഷമി ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി
5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്(5240 പന്തുകള്‍) പഴംകഥയായി. സഖ്ലിയന് മുഷ്താഖ്(5451 പന്തുകള്‍), ട്രെന്റ് ബോള്‍ട്ട്(5783 പന്തുകള്‍), വഖാര്‍ യൂനിസ്(5883) പന്തുകള്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്ക് പിന്നിലുള്ളത്
104 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ച ഷമി ഏറ്റവും കുറവ് മത്സരങ്ങളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് (102 മത്സരങ്ങളില്‍) അതിവേഗം 200 വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ്. മുഹമ്മദ് ഷമിക്കൊപ്പം പാക് താരം സഖ്ലിയന് മുഷ്താഖും 104 മത്സരങ്ങളില്‍ 200 വിക്കറ്റ് തികച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡും ഷമി സ്വന്തം പേരിലാക്കി. സഹീര്‍ ഖാനെയാണ് ഷമി മറികടന്നത്.
