മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കിറ്റ് സ്പോൺസറായി ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ. നേരത്തെ തന്നെ ഇക്കാര്യത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നാണ് ബിസിസിഐ ഔദ്യോഗികമായി വിവരം അറിയിക്കുന്നത്. മൂന്നു വർഷത്തേക്കാണ് കരാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടത്.
അണ്ടർ-19, വനിതാ ടീമുകളുടെയും കിറ്റ് സ്പോൺസർ എംപിഎൽ ആണ്. ഓസ്ട്രേലിയൻ പര്യടനത്തിലാണ് ടീം ഇന്ത്യ ആദ്യമായി എംപിഎൽ സ്പോൺസർ ചെയ്യുന്ന കിറ്റ് അണിയുക. ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സിയാവും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 1992ലെ ഇന്ത്യയുടെ ജഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജഴ്സി.