
മനാമ: ബഹ്റൈനിലെ നാഷണല്‍ ആംബുലന്‍സ് സെന്റര്‍ രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ആരംഭിച്ച ഗവണ്മെന്റ് ഇന്നൊവേഷന് മത്സരത്തില്‍ (ഫിക്ര) ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. എല്ലാ ഗവര്‍ണറേറ്റുകളിലും ഈ സേവനം ലഭ്യമാകും. ഗതാഗതക്കുരുക്കുകളും ഇടുങ്ങിയ റോഡുകളുമുള്ള പ്രദേശങ്ങളില്‍ അത്യാഹിതങ്ങളുണ്ടായാല്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും.
അപകടസ്ഥലത്തെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്. എമര്‍ജന്‍സി ഹോട്ട്ലൈനില്‍ (999) വിളിക്കുമ്പോള്‍ നാഷണല്‍ ആംബുലന്‍സ് ഓപ്പറേഷന്‍സ് റൂം വഴി ആംബുലന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ വഴി ഫസ്റ്റ് റെസ്പോണ്ടര്‍ യൂണിറ്റുകളെ വിന്യസിക്കുന്നത് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇടുങ്ങിയ നിരത്തുകളും ഗതാഗതക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലെ അപകടങ്ങള്‍ക്കാണ് മുന്‍ഗണന.
രണ്ടാം ഘട്ടമായ ‘പ്രതികരണ ഘട്ട’ത്തില്‍ അടിയന്തിര അടിയന്തര സേവനങ്ങള്‍ നല്കുന്നു. ഹൃദയ, ശ്വസന സ്തംഭനം, അപകടങ്ങളും പരിക്കുകളും, എല്ലാത്തരം രക്തസ്രാവം, ഹൃദയാഘാതം, മുങ്ങിമരണം, കഠിനമായ ശ്വാസംമുട്ടല്‍, അതുപോലെ ബോധക്ഷയം, രക്തത്തിലെ പഞ്ചസാര കുറയല്‍, അടിയന്തര പ്രസവം തുടങ്ങിയ കാര്യങ്ങളില്‍ ഈ സംവിധാനം പരമ്പരാഗത ആംബുലന്‍സ് സേവനങ്ങളുമായി ഏകോപിപ്പിക്കും.
മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള പാരാമെഡിക്കല്‍ ജീവനക്കാരുടെ ഒരു സംയോജിത ടീം ഇതിനായി ഓണ്‍-റോഡ് ആംബുലന്‍സ് സേവനങ്ങളില്‍ തീവ്രപരിശീലനം നേടിയിട്ടുണ്ട്.
