മനാമ: കാപ്പിറ്റല്‍ ഗവര്‍ണറേറ്റിന്റെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ കാറ്റലിസ്റ്റ് ഡിസെബിലിറ്റി അസോസിയേഷന് വാട്ടര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ‘ബി എ മോട്ടിവേറ്റര്‍’ മാരത്തണിന്റെ നാലാം പതിപ്പ് ഭിന്നശേഷിക്കാര്‍ക്ക് ആത്മവീര്യം പകരുന്നതായി.
കാപ്പിറ്റല്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന് അബ്ദുല്ല അല്‍ മദനി സമാപന ചടങ്ങില്‍ സംബന്ധിച്ചു. വിവിധ അസോസിയേഷനുകളില്‍നിന്നും ഭിന്നശേഷി കേന്ദ്രങ്ങളില്‍നിന്നും സ്ഥാപനങ്ങളില്നിന്നുമുള്ളവര് മാരത്തണില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്ക് സമൂഹം നല്കുന്ന പിന്തുണ അവരുടെ നിശ്ചയദാര്‍ഢ്യവും അഭിലാഷങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനും സമൂഹത്തിര്‍ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും ഗവര്‍ണറേറ്റ് ഗണ്യമായ പ്രാധാന്യം നല് കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് അസോസിയേഷന് പ്രസിഡന്റ് റിയാദ് അല്‍ മര്‍സൂഖ് തലസ്ഥാന ഗവര്‍ണര്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫയ്ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു.