മനാമ: കോവിഡിന്റെ വ്യാപനത്തെ തുടർന്ന് അടച്ചിട്ട പള്ളികൾ ഘട്ടം ഘട്ടമായി തുറക്കുമെന്നും കൂട്ടായ ആരാധനയും മത സമ്മേളനങ്ങളും ക്രമേണ പുനരാരംഭിക്കുമെന്നും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് അറിയിച്ചു. കൊറോണ വൈറസിനെക്കുറിച്ചുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ സ്ഥിതിവിവരക്കണക്കുകൾ പരിഗണിച്ചാണ് തീരുമാനം.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ ടാസ്ക്ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങളും നടപടികളും നിശ്ചയിക്കുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനും നീതിന്യായ മന്ത്രാലയവും സുന്നിയും ജാഫാരി എൻഡോവ്മെൻറും തമ്മിൽ ഏകോപനം ഉണ്ടാകുമെന്ന് കൗൺസിൽ അറിയിച്ചു.
ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്കാരത്തിന് മാത്രമാണ് തുറക്കുക. പുരുഷന്മാര്ക്ക് മാത്രമാണ് സുബ്ഹ് നമസ്കാരത്തിന് അനുമതി നല്‍കുക. നമസ്കരിക്കുന്നവര് പരസ്പരം രണ്ട് മീറ്റര്‍ അകലം പാലിക്കണം. നമസ്കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്കാരം ആരംഭിക്കും. നമസ്കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും. അല്‍ ഫത്തേഹ് ഗ്രാൻറ് മോസ്കിലൊഴികെ മറ്റു പള്ളികളില്‍ ജുമുഅ നമസ്കാരം ഉണ്ടാവുകയില്ല. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും നമസ്കാരത്തിൽ പങ്കെടുക്കാൻ വിലക്കുണ്ട്.