
മനാമ: ബഹ്റൈനിലെ മുഹറഖ് സിറ്റിയിലെ പുതുക്കിപ്പണിത ചരിത്രപ്രസിദ്ധമായ ഈസ അല്‍ കബീര്‍ പള്ളി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പേഴ്സണല്‍ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം നിയോഗിച്ചതനുസരിച്ചാണ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചത്. പള്ളിയുടെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത ശേഷം അദ്ദേഹം രാജാവിന്റെ ആശംസകള്‍ അറിയിച്ചു. ഈസ അല്‍ കബീര്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. അതിന്റെ ചരിത്രപരമായ പ്രാധാന്യവും ആദ്യകാല സ്ഥാപകരുമായുള്ള ബന്ധവും അദ്ദേഹം പരാമര്‍ശിച്ചു.
ബഹ്റൈനിന്റെ ആധുനിക രാഷ്ട്ര സ്ഥാപകനും സ്ഥാപന വികസനത്തിലെ പ്രധാന വ്യക്തിയുമായ ഈസ അല്‍ കബീറിന്റെ സ്മരണയ്ക്കായി ഈ വര്‍ഷം ‘ഈസ അല്‍ കബീറിന്റെ വര്‍ഷം’ എന്ന് നാമകരണം ചെയ്യാനുള്ള രാജകീയ നിര്‍ദേശത്തോടൊപ്പമാണ് ഉദ്ഘാടനവുമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന വാസ്തുവിദ്യാ നിലവാരവും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിയുടെ രൂപകല്‍പ്പനയെയും നിര്‍മ്മാണത്തെയും കുറിച്ച് ഉദ്യോഗസ്ഥര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദിന് വിശദീകരിച്ചുകൊടുത്തു. ആരാധകര്‍ക്ക് സുഖവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് പള്ളി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


