കുവൈറ്റ് സിറ്റി: സാധുവായ റസിഡൻസ് പെർമിറ്റുള്ള 4,00,000 ൽ അധികം പ്രവാസികൾ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണെന്നും വിമാന നിരോധനം കാരണം മടങ്ങാൻ കഴിയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിലേക്കുള്ള യാത്ര കുവൈറ്റ് സർക്കാർ നിരോധിച്ചതിനെ തുടർന്ന് 32 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്.
ഓഗസ്റ്റ് 23 വരെ രാജ്യത്തിന് പുറത്ത് സാധുവായ റെസിഡൻസി പെർമിറ്റുള്ള പ്രവാസികളുടെ എണ്ണം 4,26,871 ആണ്. അതേസമയം കാലഹരണപ്പെട്ട റെസിഡൻസി ഉടമകൾക്ക് പുതിയ വിസകൾ നൽകുന്നതുവരെ കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ല.
നിലവിലെ റെസിഡൻസി നിയമത്തിൽ ഭേദഗതി തയ്യാറാക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി തേടുമെന്നും ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് വെളിപ്പെടുത്തി. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദേശികൾക്കുള്ള എല്ലാത്തരം പുതിയ വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ വിസ അനുവദിക്കുന്നത് പുനരാരംഭിക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
2020 ജനുവരി ഒന്നിന് മുമ്പ് പ്രവൃത്തി കരാറുകളോ താമസ വിസകളോ കാലഹരണപ്പെട്ട പ്രവാസികൾക്ക് രാജ്യം വിടേണ്ടിവരുമെന്നും പിഴയടയ്ക്കാതെ അത് ചെയ്യാമെന്നും മേജർ ജനറൽ അൻവർ അൽ ബർജാസ് പ്രസ്താവിച്ചു. ഇവർക്ക് വീണ്ടും വിസ അനുവദിക്കുകയും ചെയ്യും. എന്നാൽ രാജ്യം വിട്ടുപോകാത്തവർക്ക് നിയമപരമായ പ്രത്യാഘാതങ്ങളും പിഴകളും നേരിടേണ്ടിവരും. അവരെ നാടുകടത്തുകയും വീണ്ടും മടങ്ങാൻ അനുവദിക്കുകയുമില്ല.